
ദോഹ: ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ അഡ്വൈസറി ബോർഡ് സഹ-അധ്യക്ഷന്മാരായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി മാനേജിംഗ് ഡയറക്ടർ ഹസൻ ബിൻ അബ്ദുല്ല അൽ തവാദിയെയും ബ്ലൂംബെർഗ് എൽ.പിയുടെ എക്സ്റ്റേണൽ റിലേഷൻസ് ഗ്ലോബൽ ഹെഡ് കെവിൻ ഷീക്കിയെയും നിയമിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയവുമായും ബ്ലൂംബെർഗുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഖത്തർ ഇക്കണോമിക് ഫോറമാണ് പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചത്.
ആഗോള വാണിജ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്ന കൗൺസിലിന്റെ 2026-2027 വർഷങ്ങളിലേക്കുള്ള പുതിയ അംഗങ്ങളുടെ പട്ടികയും ഫോറം പുറത്തുവിട്ടിട്ടുണ്ട്.
ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ ആഗോള സ്ഥാനം കൂടുതൽ ശക്തമാക്കാൻ പുതിയ ചുമതലയിലൂടെ സാധിക്കുമെന്ന് ഹസൻ ബിൻ അബ്ദുല്ല അൽ തവാദി പ്രത്യാശ പ്രകടിപ്പിച്ചു. തുടക്കം മുതൽ തന്നെ ലോകത്തിലെ പ്രമുഖ സാമ്പത്തിക ഉച്ചകോടികളിലൊന്നായി വളരാൻ ഫോറത്തിന് സാധിച്ചിട്ടുണ്ടെന്നും, ഖത്തറിന്റെ ലക്ഷ്യങ്ങൾക്കും പങ്കാളികളുടെ ആവശ്യങ്ങൾക്കും അനുസൃതമായി ഈ വളർച്ച വേഗത്തിലാക്കാൻ അഡ്വൈസറി കൗൺസിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക വിപണിയിലും നയരൂപീകരണത്തിലും വൻ നിക്ഷേപ മേഖലകളിലും കഴിവ് തെളിയിച്ച പ്രഗത്ഭരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യം ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ ആഗോള സ്വാധീനവും പ്രാധാന്യവും വർദ്ധിപ്പിക്കുമെന്ന് ബ്ലൂംബെർഗ് ചീഫ് മീഡിയ ഓഫീസർ കാരൻ സാൽസർ വ്യക്തമാക്കി.










